2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

പണ്ടാരം ഫാനായിപോയി


                         

                                 2007 ലെ  ഒരു  വൈകുന്നേരം ..ആ  തിയ്യതിക്ക് ഞാൻ പറയാൻ തുടങ്ങുന്ന സംഭവവുമായി  അത്ര പ്രസക്തിയുണ്ടോയെന്നറിയില്ല ..എങ്കിലും ...കയ്യിൽ ചെമ്പരത്തിയുടെ വടിയും ,സയൻസും  സമൂഹ്യവുമടക്കം  നിറയേ  പുസ്തകങ്ങൾ  അടക്കിപിടിച്ച്  എനിക്ക് ചുറ്റുമിരുന്ന കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചും  ഉത്തരങ്ങൾ   പറഞ്ഞും ഞാൻ  നിന്നു .പതിനഞ്ചിൽ  കൂടുതൽ  കുട്ടികൾ  ഞാൻ അന്ന്  ട്യുഷൻ  എടുത്തിരുന്നു .അവർക്കിടയിൽ  തൊണ്ട പൊട്ടുമാറു ച്ചത്തിൽ  പ്രിഥ്വിരാജ്  ചൗഹാനെക്കുറിച്ച്  പറഞ്ഞു കൊണ്ടേയിരിക്കു കയായിരുന്നു  ഞാൻ .(ചൗഹാനും  ഈ  കഥയിൽ  പ്രസക്തിയില്ല  കേട്ടോ )ഇതിനിടക്ക്  കടലാസു  പെൻസിൽ  കൊണ്ട്" arrival "   "brush "  എന്നീ  വാക്കുകൾക്ക്   ഇമ്പോസിഷൻ  എഴുതി പഠിച്ചിരുന്ന രണ്ട്  LKG / UKG {കൃത്യമായി ഓർകുന്നില്ല ..എന്തായാലും  ഒന്നാം ക്ലാസ്സിൽ കൂടുതൽ ആയിരുന്നില്ല ) കുട്ടികൾ തമ്മിൽ  പെൻസിലിന്റെ  മുനയൊടിഞ്ഞതിന്റെ പേരിൽ വഴക്കുണ്ടായി  അവസാനം .വാക്കുതർക്കത്തിൽ തോറ്റുപോയകുട്ടി  സങ്കടം സഹിക്ക വയ്യാതെ പറഞ്ഞു ..."പണ്ടാരം  എൻറെ  പെൻസില് കേടെരത്തി ".പ്രിഥ്വിരാജ് ചൗഹാന്റെ  പുസ്തകം  ഒരൊൻപതാം  ക്ലാസുകാരിക്ക്  കൈമാറി  ഞാനവന്റെ  അടുത്തേക്ക് ചെന്നു ...അവനോട്  എഴുനേട്ട് നിൽക്കാൻ പറഞ്ഞു ."എന്തായിപ്പോ  പറഞ്ഞേ ...അങ്ങനെ പറയാൻ
പാടുണ്ടോ?"പണ്ടാരം എന്ന വാക്കുച്ചരിച്ചതിന്റെ  പേരിൽ  ഞാനവനെ  വഴക്കു പറഞ്ഞു .,തല്ലി ,,,ആ  വാക്കിൻറെ അർത്ഥമെന്തെന്നറിയില്ലെങ്കിലും  സഭ്യതയുടെ  പേരു പറഞ്ഞ്  ഞാനവന്റെ  നേരേ  ആക്രോശിച്ചു .അവൻറെ കുഞ്ഞുകണ്ണുകൾ  നിറയുന്നുണ്ടായിരുന്നു . അവനോടു  പഠിക്കാൻ  പറഞ്ഞ്  ഞാൻ വീണ്ടും  ചൗഹാനിലേക്ക് ...

                                                   കുറേ  നേരത്തേക്ക്  അവൻ  ഒന്നും  മിണ്ടിയില്ല ...എഴുതി തീർക്കാനുള്ള  വാക്കുകളുടെ  എണ്ണം  തിട്ടപ്പെടുത്തി  അവനെന്നെ  വിളിച്ചു .ദീദി ...(എന്നെ അങ്ങനെയാണ് അവർ വിളിച്ചിരുന്നത് )സ്ഥിരമായി  സ്കൂളിലേയും നാട്ടിലെയും  വീട്ടിലെയും  കളിസ്ഥലങ്ങളിലെയുമൊക്കെ പിണക്കങ്ങളും  ഇണക്കങ്ങളുമൊക്കെ എന്നോട്  പറയുമ്പോൾ അവൻ ഉപയോഗിക്കാറുള്ള ഒരു കൊഞ്ചൽ  ആ  വാക്കിലുണ്ടായിരുന്നു .

                                ''ചീത്ത വാക്കുകള് പറയ്ണ കുട്ട്യോളുന്നോട് മിണ്ടണ്ട''- അവൻറെ മുഖഭാവം കണ്ട് സങ്കടം തോന്നിയെങ്കിലും  ദേഷ്യത്തോടെ ഞാൻ പറഞ്ഞു. അവൻ കുറേ ചിണുങ്ങി നോക്കി ഇനി അങ്ങനെ പറയില്ലെന്ന്   അവൻ പറയുന്നത് വരെ ഗൗരവം തുടരാമെന്ന് ഞാനും കരുതി. ഏറെ ചിണുങ്ങിയിട്ടും ഫലമില്ലെന്ന് കണ്ട് അവൻ പറഞ്ഞു "ദീദി -സംശയുമുണ്ട് "ആ  വാക്കിനു  മുൻപിൽ  ടീച്ചർക്ക് ഉത്തരം  പറയാതെ  വയ്യല്ലോ ...

                                   ഉം?  ഞാൻ ഗൗരവം  വിടാതെ  ചോദിച്ചു ".ദീദീ  ദീദി  ഇന്നലെ ഐഡിയ സ്റ്റാർ സിംഗർ  കണ്ടോ?"അവൻ ചോദിച്ചു .ഇതാണോ നിൻറെ  സംശയം ?ഇരുന്നു  പഠിക്ക് ...ഞാൻ മുഖം തിരിച്ചു .പറ ദീദേയ്  നിക്ക് സംശയുണ്ട് .അവന്റെ കണ്ണുകൾ  എവിടേയോ  എന്നോട് കെഞ്ചുകയായിരു ന്നു ..ഞാൻ പറഞ്ഞു. ഉം കണ്ടു ..എന്താ ?

                             അവൻ തുടർന്നു ."ന്നലെ ജയസൂര്യയായിരുന്നു ഗസ്റ്റ്, .സിൽമാനടൻ, ദീദി കണ്ടോ?"ഞാൻ വീണ്ടും പഠിക്കാൻ പറഞ്ഞപ്പോൾ അവൻ മത്സരാർത്ഥിയായ സന്നിദാനന്ദൻറെ  ഗനാലാപനത്തെ  വർണ്ണികുകയായിരുന്നു ...കൊച്ചുവായിൽ അവൻ  "സംഗതിയെ"കുറിച്ച് പറയുന്നത്  കേട്ടു നിൽക്കുമ്പോൾ  അവനോടുള്ള  എൻറെ  പിണക്കത്തെ  കുറിച്ച് ഞാൻ  മറന്നു പോകുകയായിരുന്നു ..നീ   ഇരുന്നു പഠിക്ക്  എന്നും  പറഞ്ഞു  ഞാൻ  തിരിഞ്ഞതും  അവനെൻറെ  ചുരിദാറിൻ  തുമ്പിൽ  പിടിച്ചു നിർത്തി ,എന്നിട്ട്  പറഞ്ഞു - ശരിക്കും  സംശയാ ...
ഹും  പറ .  അവൻറെ മുഖഭാവം  എന്നിൽ  വരുത്തിയ ചിരി  മറച്ചു പിടിച്ച്   
ഞാൻ പറഞ്ഞു. അവൻ തുടർന്നു -ഇന്നലെ   സന്നിദാനന്ദൻറെ പാട്ടു കേട്ടുകഴിഞ്ഞ് ജയസൂര്യ ഞാൻ നിങ്ങടെ  പണ്ടാരം  ഫാനായിപ്പോയി  എന്നു  പറഞ്ഞപ്പോൾ  ദീദി കയ്യടിച്ചില്ലേ ? (ടി.വി  കാണുമ്പോൾ കയ്യടിക്കുക 
 ആങ്കറുടെ  ചോദ്യങ്ങൾ  തിരുത്തുക  പൊട്ടത്തരം  കേൾക്കുമ്പോൾ   കളിയാക്കുക  തുടങ്ങി  ടി .വി  കാണൽ  ഒരാഘോഷമാക്കുന്ന എന്നെ  അവൻ  ശ്രദ്ധിക്കുകയും ഒരിക്കൽ  അതേ  പറ്റി  എന്നോട്  ചോദിക്കുകയും  ചെയ്തിരുന്നു ...അതു  കൊണ്ടായിരിക്കാം  ഇങ്ങനെ  ഒരു  ചോദ്യം } ഇവനെന്താ ചോദിക്കാൻ  തുടങ്ങുന്നതെന്ന്  ആലോചിക്കുക  പോലും  ചെയ്യാതെ ഞാൻ  പറഞ്ഞു - "  കയ്യടിച്ചു".അവൻറെ  കണ്ണുകൾ  നിറഞ്ഞു ..അവനെന്നോട്  ചോദിച്ചു " അതെന്താ  ദീദി  ജയസൂര്യ  പറഞ്ഞപ്പോൾ  കയ്യടിക്കുകയും  ഞാൻ  പറഞ്ഞപ്പോൾ  വടി  എടുത്തടിക്കുകയും  ചെയ്യുന്നേ ?""എന്തു  മറുപടിയാണ് പറയേണ്ടതെന്നറിയാതെ   ഞാൻ  പരുങ്ങിപോയി  എന്നതാണ്  സത്യം ...സാഹചര്യങ്ങൾക്കനുസരിച്ച്  വാക്കുകൾ  ലഘുവാകുന്നതും  അർത്ഥം  മാറുന്നതും  പറയാൻ  ശ്രമിച്ചിട്ടും  അവൻറെ  ചിണുങ്ങലിന് മുൻപിൽ  ഞാൻ പരാജയപ്പെട്ടു ...


വാൽകഷ്ണം  :ദൈവകൃപയാൽ മൂന്ന്  വർഷങ്ങൾക്ക്  മുൻപ് ട്യുഷൻ  എന്ന  പരിപാടി  ഞാൻ  നിർത്തി .ഇല്ലായിരുന്നെങ്കിൽ ഇന്നു  സിനിമയിൽ  വരുന്ന  അസഭ്യവർഷങ്ങളുടെയും അതു  കേൾക്കുമ്പോൾ  ആളുകൾ  ചിരിക്കുന്നതിനെ കുറിച്ചും ചോദിച്ചാൽ അവർക്ക്  ഞാൻ എന്തു  പറഞ്ഞു  കൊടുക്കും..????






 ....ഇത്തരം  ചോദ്യങ്ങൾക്ക്  മുൻപിൽ  ഉത്തരം  മുട്ടി പോകാൻ  സാധ്യതയുള്ള  എല്ലാ  ടീച്ചർമാർക്കുമായി  ഈ  ഓർമ ക്കുറിപ്പ്‌  സമർപ്പിക്കട്ടെ ....










2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

പ്രസവം അശ്ലീലമല്ല

                                  - ഷഹല  വെളിയംകോട്-



                                         പ്രസവം  എങ്ങനെയാണ് അശ്ലീലമാകുന്നത് ? നമ്മുടെ  പത്രമാധ്യമങ്ങൾ  ആവശ്യത്തിനു  ചർച്ച ചെയ്തതാണ്  ഈ വിഷയം .ഇന്ന്  പ്രദർശനത്തിനെത്തിയ  കളിമണ്‍ എന്ന ചലച്ചിത്രം  ചോദിക്കുന്നതും  ഇതേ ചോദ്യമാണ് .പ്രസവം  പേടിയോടെ  ഓർത്തിരുന്ന ,അതിൻറെ വേദനയെ  ഊഹിച്ചു ഭയപ്പെട്ടിരുന്ന  ,അന്യഭാഷാ ചലച്ചിത്രങ്ങളിലെയും മറ്റു  വീഡിയോയിലെ  പ്രസവരംഗങ്ങളും  ഭീതിയോടെ കണ്ടിരുന്ന അവിവാഹിതരായ പെണ്‍കുട്ടികൾ  ഒന്നു പ്രസവിക്കാൻ ആഗ്രഹം തോന്നുന്നു എന്നാണ് സിനിമ കണ്ടശേഷം പറയുന്നത്  എന്നു പറയുമ്പോൾ തീർച്ചയായും  നമുക്ക് പറയാം പ്രസവം  അശ്ലീലമല്ല  പ്രസവവും പ്രസവം ചിത്രീകരിക്കുന്നതും അശ്ലീലമല്ല .ഗർഭകാലം ഇത്രയും ഭംഗിയുള്ള  നിമിഷങ്ങളായി  പകർത്തുന്ന മറ്റൊരു  ചലച്ചിത്രമുണ്ടോ?ഒ .എൻ .വി  കുറുപ്പ് ,എം .ജയചന്ദ്രൻ കൂട്ടുകെട്ടിൽ  പിറന്ന 'മന്ദാര മലരേ 'എന്ന ഗാനം തന്നെ മതി അതിൻറെ ആസ്വാദ്യത ആവോളം  നമ്മിലെത്തിക്കാൻ ..

                                               ഒരു  ആത്മഹത്യാ ദൃശ്യത്തിൽ നിന്നു  തുടങ്ങി ആത്മഹത്യല്ല  ജനനമാണ്‌ പ്രസക്തം എന്നു പറയുന്ന തുടക്കം മുതൽ സിനിമ  കൗതുകമുണർത്തുന്നു .തുടക്കത്തിലേ  സിനിമക്കുള്ളിലെ  സിനിമ തന്നെ  വിപുലീകരിച്ചാൽ ഒരു ഷോർട്ട് ഫിലിമിനുള്ള പ്രമേയമാണെന്ന് അഭിപ്രായം ഉയർന്നു വരുന്നുണ്ട്. ഒരു നടിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന സിനിമ തൻറെ ഭർത്താവിൽ നിന്നും ഗർഭം ധരിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിനു വേണ്ടി വാദിക്കുകയാണ്. മനുഷ്യൻറെ കപട സദാചാരത്തിനെതിരെ കൊഞ്ഞനം കാണിക്കുന്ന സിനിമ വികാരപരമായ പല നിമിഷങ്ങളും നമുക്ക് മുന്നിൽ കാഴ്ച വയ്ക്കുന്നു. ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞ് തന്നെ കഥാപാത്രമാകുന്നത്, അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് സബൈന നേരിട്ട് ക്യാമറക്ക്‌ മുന്നിലെത്തിയ അതേ  കൗതുകം മലയാളിയിൽ എത്തിക്കുന്നുണ്ട്.
                                   
                               ചാനൽ ചർച്ചകളും വാർത്ത അവതരണങ്ങളും സാഹിത്യ - സിനിമ - രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാനിദ്ധ്യവും സിനിമയിൽ നിന്ന് യാഥാർത്യത്തിലേക്കുള്ള ദൂരമില്ലാതാക്കുന്ന ഒരവസ്ഥ പ്രേക്ഷകരിൽ സൃഷ്ടിക്കുന്നുണ്ട് സ്ഥിരം സിനിമ പ്രസവങ്ങളിലെ കട്ടിലും കട്ടിലിൻറെ ക്രാസിലെ ഞെരിയുന്ന കൈകളും അലറി വിളികളുമില്ലാതെ പ്രസവം ആ യാഥാർത്ഥ്യത്തെ ഉറപ്പിക്കുന്നു. കളിമണ്ണിനെ ആസ്പദമാക്കി ചാനലുകളിൽ പ്രത്യക്ഷപ്പെട്ട അതേ രീതിയിലുള്ള  ചർച്ചകൾ  സിനിമയിലെത്തുന്നത് ആ യാഥാർത്യത്തിന് ശക്തി പകരുന്നു.

                                  പുരുഷനൊരിക്കലും മനസിലാക്കാൻ കഴിയാത്തതും ഐസക് ഈപ്പൻറെ{ ലേഖനം - അവൾ ഉള്ളിലൊരു കടൽ പേറി  ജീവിക്കുന്നു (മാധ്യമം ആഴ്ചപ്പതിപ്പ്)}ഭാഷയിൽ പുരുഷന് സ്ത്രീയോടുള്ള അസൂയക്ക് കാരണമാകുന്നതും 'അവനെ'ഴുതുന്ന ചരിത്രം രേഖപ്പെടുത്താത്ത പ്രസവം എന്ന ധീരതയെ സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തുകയാണ് കളിമണ്ണിലൂടെ ബ്ലെസി ചെയ്യുന്നത്. സ്ത്രീയെ ബഹുമാനിക്കാനും പ്രസവം പ്രാധാന്യമർഹിക്കുന്ന വാർത്ത‍തന്നെയാണെന്നും പറയുന്ന സിനിമയുടെ ഗുണവും ദോഷവും അത് കൈകാര്യം ചെയ്യുന്ന വർത്തമാനകാല സംഭവങ്ങളുടെ അതിപ്രസരമാണ്.

                  ഐറ്റം ഡാൻസറോട് ഉള്ള സമീപനം മുതൽ ഡൽഹി,തിരൂർ തുടങ്ങിയ പീഡനങ്ങൾ. അവയവ ദാനത്തിന്റെ പ്രസക്തി, മാധ്യമ പ്രവർത്തകരുടെ വാർത്ത‍യാഘോഷിക്കൽ വരെ എന്താണ് ബ്ലെസി കൈകാര്യം ചെയ്യാത്തതായി അവശേഷിക്കുന്നത്. മലയാളിയുടെ കപടസദാചാരം,  സാഹചര്യത്തിനനുസരിച്ചു പെരുമാറാൻ മടിക്കുന്ന സ്വഭാ വം, സെലിബ്രിട്ടിക്ക് സ്വകാര്യത നിഷേധിക്കുന്ന , അവരുടെ സങ്കടങ്ങളെ കണക്കിലെടുക്കാത്ത  മനോഭാവം ഇവയെ ബ്ലെസ്സി സിനിമയിൽ ചോദ്യം ചെയ്യുന്നുണ്ട്. വെടിയും പുകയും അധോലോകവും തോല്ക്കാത്ത നായകനുമുള്ള  സിനിമയെ  അപഹസിക്കുക കൂടിയാണ്കളിമണ്ണ്‍  ചെയ്യുന്നത് '.ടെസ്സ'  എന്ന  സിനിമയുടെ  "കഥ"തന്നെ മലയാളിക്ക് പുതിയ വിവരമാവനാണ് സാധ്യത .ഓരോ സ്ത്രീയുടെ ഉള്ളിലെ അമ്മയേയും തട്ടി ഉണർത്തുന്ന, ഓരോ പുരുഷനിലും അസൂയയുണ്ടാക്കുന്ന ഈ ചലച്ചിത്രം അവശ്യത്തിലധികം പറയാൻ ശ്രമിക്കുന്നതായി അവസാനഭാഗത്തോടെ നമുക്ക് തോന്ബ്ലെസ്സിയുടെ പളുങ്കിനേറ്റ ഈ വിമർശനം ഇവിടേയും ബ്ലെസ്സി ഏറ്റെടുക്കേണ്ടിവരും. മാധ്യമ പ്രവർത്തകർക്കെതിരെ ഒന്നാഞ്ഞടിച്ചാലേ സിനിമ പൂർത്തിയാകൂ എന്ന തോന്നലുളവാക്കുന്നതാണ് പുതിയ കാല സിനിമകൾ എല്ലാംതന്നെ. ബ്ലെസ്സിയും ആ പാത പിന്തുടരുന്നുണ്ട് നായികയ്ക്ക് നേരെ വിലകുറഞ്ഞ  ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമ പ്രവർത്തകനെതിരെ പ്രേക്ഷകരുടെ കൈ ഉയർത്താൻ തക്ക പ്രേരണ അത് നൽകുന്നുണ്ട് താനും. ക്ലൈമാക്സിൽ ഉയർത്തുന്ന ചോദ്യങ്ങളുടെ ബാഹുല്യവും അവിടെ മുഴച്ചുനിൽക്കുന്ന ഒരു ഏച്ചുകെട്ടലും മാത്രമാണ് ചൂണ്ടികാണിക്കാവുന്ന അപാകതകൾ. പക്ഷേ സിനിമയുണ്ടാക്കുന്ന അനുഭൂതിയും ആവേശവും കണക്കിലെടുക്കുമ്പോൾ കണ്ടില്ലെന്നു നടിക്കാവുന്ന തരത്തിലെ ആ അപാകത  മുഴച്ചു നിൽകുന്നൊള്ളൂ .

                              ഗർഭപാത്രത്തിലെ  കുഞ്ഞും മുതൽ , നായകൻറെ  കണ്ണിൽ തെളിയുന്ന നായികയുടെ  ഭാവങ്ങൾ   വരേയുളള   നമുക്ക് പുതിയ അനുഭവമാണ്‌... ..  ആ  അനുഭവത്തിന്റെ മാറ്റു കൂട്ടുകയാണ് സതീഷ്‌ കുറുപ്പിൻറെ  ഛായഗ്രഹണവും. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാനാവശ്യപ്പെടുന്ന സിനിമ അട്ടപാടിയിലെ അമ്മമാരെ ഒർമിപ്പിക്കാനെന്നവണ്ണം ആദിവാസി ഗർഭിണികളിലേക്കു തിരിക്കുന്നതും ശ്രദ്ധേയമാണ് അതുപോലെ മനുഷ്യൻ മണ്ണുകൊണ്ട് സൃഷ്ടിക്ക പ്പെട്ടതാണെന്ന മിത്തിൽ തുടങ്ങുന്ന ചലച്ചിത്രത്തിൻറെ പേരും അതിലേക്കെത്തിക്കുന്ന രംഗങ്ങളും മികച്ചത് തന്നെ.

                               നായികയായ ശ്വേത മേനോനെ പോലെ ശ്രദ്ധേയമായ കഥാപാത്രമാണ് സുഹാസിനിയുടേതും. സിനിമയിലെ ഓരോ കഥാപാത്രവും സിനിമയെ സിനിമയാക്കുന്ന കഥാപാത്രങ്ങളാണ്. സിനിമ കണ്ടിറങ്ങുന്ന ഓരോ മലയാളിയും ചോദിക്കുന്നു എന്തിനായിരുന്നു ഈ വിവാദങ്ങൾ? U /A സർട്ടി ഫികേറ്റിൽ ഇറങ്ങിയ ഈ ചലച്ചിത്രത്തിൽ പാടില്ലാത്തതായി ഒന്നുംതന്നെ പ്രദർശിപ്പിച്ചിട്ടില്ല. ജനിച്ചു വീണ കുഞ്ഞിന്റെ മൗലീകാവകാശത്തെ ചോദ്യം ചെയ്യലുമാകുന്നില്ല  ദൃശ്യങ്ങൾ.

               ആസ്വദിച്ചഭിനയിച്ചതെന്നും  ഏറെ ബഹുമാനത്തോടെ ചിത്രീകരിച്ചതെന്നും തോന്നുന്ന കളിമണ്ണ് സത്യത്തിൽ കന്യാമറിയം മുതൽ ഓരോ അമ്മയേയും വന്ദിക്കുന്നു. ശസ്ത്ര സാങ്കേതികതയെ തോൽപ്പിക്കുന്ന അമ്മയുടെയും കുഞ്ഞിന്റേയും ആശയവിനിമയത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സ്വന്തം ശരീരത്തിൽ നിന്നും നിങ്ങളെ പറിച്ചെടുത്ത് നിങ്ങൾക്ക് ജന്മം നൽകുന്ന അമ്മയെ ഓർത്താൽ ലോകത്ത് പീഡനങ്ങൾ ഉണ്ടാവില്ലെന്നും സിനിമ ഓര്മിപ്പിക്കുന്നു.


                അതെന്തുതന്നെയായാലും, അശ്ലീലം ഇല്ലാത്ത ഈ ചലച്ചിത്രത്തെ വിവാദം ഇനി ബധിക്കില്ലെന്ന് കരുതാം. വിവാദം ആവേശമുണർത്തിയ സിനിമകളിലേക്ക് കളിമണ്ണ് കൂടെ എഴുതിച്ചേർക്കപ്പെടട്ടെ...                                               





                                             

2013, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

എനിക്കൊരു ജിംഗിൾ വേണം

                              -  ഷഹല  വെളിയംകോട് -

                                         പുറത്ത്  നല്ല  മഴയാണ് ..പെയ്തു  തീർന്നിട്ടും മതിവരാതെ  തെങ്ങോലകളിൽ നിന്നും  അത്  പിന്നെയും  പിന്നെയും  ഇറ്റി  വീണു കൊണ്ടിരിക്കുന്നു ..കുടയെടുത്ത്‌ പുറത്തിറങ്ങി ,തെന്നി  വീഴുന്ന  മഴയേ  കുടകൊണ്ട്  കശക്കിയെറിയാൻ ആഗ്രഹം  തോന്നുന്നു .കുടകറക്കി  മഴയേ വട്ടംകറക്കി കളിക്കുമ്പോൾ പാടാൻ കൊള്ളാവുന്ന  ഒരേയൊരു പാട്ടേ  മലയാളത്തിലൊള്ളൂവെന്നാണ്‌  എനിക്ക്  തോന്നുന്നത് . മഴ ..മഴ..കുട  കുട ..മഴവന്നാൽ  പോപ്പക്കുട..വിസിലൂതാവുന്ന  പലനിറങ്ങലുള്ള പോപ്പിക്കുടയില്ലാതെ എന്തു  മഴയെന്നായിരുന്നു  ഒരു  കാലത്ത് എൻറെ  ചിന്ത ...പോപ്പിയെ പോലെ ചുവന്ന ഉടുപ്പുമിട്ട് കുടയും  കുത്തിപ്പിടിച്ച്  ഒന്ന്  ഞെളിഞ്ഞു  നടന്നിരുന്ന  ഒരു കാലം  എനിക്കുമുണ്ടായിരുന്നു ....


                                  കാലം   പതുക്കെ  നീങ്ങിയപ്പോൾ  വന്ന"  എൻറെ  മഴയ്ക്കെന്റെ  പോപ്പി ,വടികൊണ്ട്  തല്ലല്ലേ സാറെ പോപ്പി  കുടകൊണ്ട്  തല്ലിക്കോ  വേണേൽ "എന്ന  പരസ്യങ്ങൾക്കൊന്നും മഴ  മഴ  കുട കുട യുടെ  ഭംഗി ഇല്ലെന്നാണ്  എന്റെ പക്ഷം ...അതുകൊണ്ട്തന്നെ പരസ്യങ്ങൾ  മാറി  മാറി വന്നപ്പോഴും ഞാൻ  മഴ മഴ  കുട  കുട തന്നെ പാടി നടന്നു .
                                            
                                                        പിന്നെയും കാലം നീങ്ങിയപ്പോൾ എന്തോ  ജോണ്‍സ് എന്ന പേരിനു ഭംഗി കൂടുതൽ  ഉണ്ടെന്നു  തോന്നി .നാവിൽ  കുഞ്ഞാഞ്ഞ  വന്നേ  പാട്ടായി .അതുപോലെ മ്യാന്മർ ,ദീപം ,സൂര്യമാർക്ക്  തുടങ്ങിയ കമ്പനികളുടെ പരസ്യങ്ങളിലെ  ഡയലോഗുകളും  പരസ്യവാചകങ്ങളും {സ്ലോഗൻ }കുറേ കാലം  പറഞ്ഞു  നടന്നു .ഡീസന്റ്  പാർടീസിന്റെ  വികൃതി പാട്ടിൻറെ  കാലമായപ്പോഴേക്ക്  മഴ പരസ്യങ്ങളെ  വായിൽ വച്ച് നടക്കുന്ന മോശം കാര്യമായി തോന്നിത്തുടങ്ങി .വളർന്നു,  വലിയ കുട്ടിയായി എന്ന തോന്നലുള്ളിൽ  വളരാനും ഇത്തരം പാട്ടുകൾ  പാടി നടക്കുന്നതും കുറവായും
തോന്നി തുടങ്ങിയപ്പോൾ ചിന്ത ജിംഗിൾ നിന്നും മാറി രൂപഭംഗിയിലേക്കായി .അങ്ങനെ  പുള്ളിക്കുടയും പിടിച്ചു നടപ്പായി ....{ആ പുള്ളിക്കുടയുടെ കൗതുക  മുണ്ടായിരുന്നില്ല പിന്നീട് വന്ന മുയൽചെവിയുടേയും ആപ്പിളിന്റെയുമൊക്കെരൂപത്തിലുള്ള  കുടയ്ക്കെന്നതാണ് വാസ്തവം }

                                                              
                                     പിന്നെയും വളർന്നപ്പോൾ സൗകര്യങ്ങളിലെക്കായി ചിന്ത .നനഞ്ഞ കുട മടക്കിവയ്ക്കുന്നത്  ശല്യമായി തോന്നിത്തുടങ്ങിയ  കാലത്ത്  വന്ന  വാട്ടർ പ്രൂഫ്‌ ബാഗായി പിന്നെ കൗതുകം .പിന്നെ  ആ കൗതുകത്തി ൻറെ
സ്ഥാനത്തേക്ക് ലോകത്തിലെ  ഏറ്റവും  വലിയ ചെറിയ കുട എന്ന നാനോ വാചകം കുടിയേറി ...


                          ഇതിനിടയ്ക്ക് വച്ച് സ്കൂൾയാത്ര  സൈക്കിളിലാക്കി .കുട  അവിടെ  ഒരു ശല്യമായി...അങ്ങനെയാണ് റെയിൻ കോട്ടുകളിലേക്ക് കുടിയേറുന്നത് .സൈക്കിളുപേക്ഷിച്ചപ്പോഴും പിന്നീട് കുടകളിലേക്ക്  തിരിച്ചു  പോവാൻ  താല്പ്പര്യം തോന്നിയില്ല . അത്രകണ്ട് സൗകര്യമായിരുന്നു ഈ മഴയുടുപ്പുകൾ. സ്കൂൾ കാലവും കഴിഞ്ഞ്, ദേ കോളേജ് കാലവും തീരാറായ ഈ സമയത്ത് വീണ്ടുമൊരു കുട പ്രാന്ത്. പക്ഷെ ഇപ്പോഴിറങ്ങുന്ന ഭീമൻ കുടക്ക്‌ എന്നേക്കാൾ നീളമുള്ളത്‌ കൊണ്ട് ആ ആഗ്രഹത്തെ ഞാൻ നീരസത്തോടെ നോക്കി. അപ്പോഴാണ് ആ സത്യം ഞാൻ തിരിച്ചറിയുന്നത്‌. മഴക്കാലത്ത്‌  എന്നും എനിക്കു പ്രിയം റെയിൻ കൊട്ടുകളോടായിരുന്നു. തുടക്കത്തിൽ പറഞ്ഞ ഓർമ്മകളുടെ നനുത്ത സ്പർശം ആഗ്രഹിക്കുമ്പോൾ മാത്രമേ ഞാനിപ്പോൾ കുടയെക്കുറിച്ച് ചിന്തിക്കാറുള്ളൂ. അല്ലെങ്കിൽ തന്നെ ഒരു കാലത്ത് അനാചാരങ്ങളുടെയും  അടിച്ചമർത്തലിൻറെയും ഭാഗമായിരുന്ന കുടയെ എങ്ങനെ അംഗീകരിക്കാൻ കഴിയും. അലർജി പോലുള്ള കാരണങ്ങളാൽ കുട ചൂടി നടക്കുന്ന ഇന്നത്തെ പെണ്‍കുട്ടികളെ കാണുമ്പോൾ മറക്കുടയിലേക്ക് ഒരു തിരിച്ചു പോക്കാണെന്ന് എനിക്ക് തോന്നാറുണ്ട് അതുകൊണ്ട് തന്നെ വിപ്ലവ വീര്യം ചോരാതെ ഇടയ്ക്കൊക്കെ ഞാൻ കുടയെ വെറുക്കും അപ്പോൾ കോട്ട് തന്നെ ശരണം..പക്ഷേ പാടി നടക്കാൻ ഒരു പാട്ടില്ലതതാണ് ഇവിടെ  വിഷമം .ഇന്നു  വരെ മഴക്കോട്ടുകളുടെ ഒരു പരസ്യവും ഞാൻ കണ്ടിട്ടില്ല .ഒരു  പാട്ടും {ജിംഗിൾ } കേട്ടിട്ടില്ല .അതുകൊണ്ടുതന്നെ  ഒരു മഴകോട്ടു കമ്പനിയുടെ പേരുപോലും എനിക്കറിയില്ല എന്നതാണ് സത്യം .അതെന്താ മഴക്കോട്ടുകളോട് മാത്രം  ഈ  അവഗണന .50  പൈസയുടെ മിഠയി ക്ക്  പോലും പരസ്യങ്ങൾ ഉള്ള കാലത്താണ് എനിക്ക് ആശ്ചര്യം ഉണ്ടാകുന്നത് മത്സരങ്ങളുടെ ഇക്കാലത്ത് കൊട്ട് നിർമ്മാണ കമ്പനികളോടും പരസ്യ ഏജൻസി കളോടും  എനിക്കൊന്നെ പറയാനുള്ളൂ എനിക്ക് ഈ മഴയത്ത് പാടി നടക്കാൻ ഒരു പാട്ട് വേണം. ഒരു ജിംഗിളേ യ് ...



                                   

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

ടിൻറു മോനൊക്കെ എന്തുമാവാലോ ??

                                                                                    -ഷഹല  വെളിയംകോട് -                                                                   

  കളിജയിക്കുകയും  ഗ്യാലറിയിലെ  കരഘോഷം  വീർപ്പുമുട്ടിക്കുകയം  ചെയ്തപ്പോൾ  ക്രിക്കറ്റ്  ഇതിഹാസത്തിന്  പണ്ടൊരു  മോഹമുണ്ടായി .ഒരു  കേക്ക്  മുറിക്കണം .യുദ്ധത്തേക്കാൾ  ഭീകരമായ ഒരു  കളി  ജയിച്ചതി ൻറെ  ആവേശം  പ്രകടിപ്പിക്കാൻ  രാജ്യത്തിൻറെ  ത്രിവർണ്ണ  പതാകയുടെ  ചിത്രമുള്ള  ഒരു  കേക്ക് ..ജനസാഗരത്തേയും  മാധ്യമ പ്രവർത്തകരേയും  സാക്ഷിയാക്കി  കേക്ക്  മുറിക്കാനാഞ്ഞതും  കേസായി .ദേശീയ പതാകയെ  അപമാനിച്ചു,.

പിന്നൊരിക്കൽ  ഭാരതമെന്നു  കേട്ടാൽ അന്തരംഗം  അഭിമാനപൂരിതമായി പോകുന്ന ലോകം  കണ്ട  ഒരു  കേന്ദ്രമന്ത്രി ദേശീയഗാനം  നെഞ്ചിൽ  കൈവച്ചുകൊണ്ടാലപിച്ചു ..നെഞ്ചിനെ  സാക്ഷിയാക്കി  ഹൃദയം  കൊണ്ടാണ്  ദേശീയഗാനം  ആലപിക്കേണ്ടത്  എന്ന് പറഞ്ഞ  കേന്ദ്ര  മന്ത്രിക്കും കിട്ടി  കേസ്, ദേശീയ  ഗാനത്തെ  അപമാനിച്ചു .

മറ്റൊരിക്കൽ  രാജ്യത്തെ പ്രതിനിധീകരിച്ച  ഒരു  മിസ്  വേൾഡ്  റണ്ണറപ്പ്  ഒരു  സാരി യുടുത്തു .ദേശീയ  പതാകയെ  സാരിയിൽ  ഡിസൈൻ  ചെയ്തു .കേസൊന്നു മായില്ലെങ്കിലും  ഒരു  വിവാദത്തിനു  അതും  തിരി കൊളുത്തി .അതിനും  മുൻപ്  ആശയം  കൊണ്ട്  വന്നൊരു  ടെലിഫോണ്‍  നെറ്റ്‌വർക്ക്  ഗാന്ധി  വേണ്ട  കമാണ്ടോ  മതിയെന്നു  പറഞ്ഞു ..കേസായി ..രാഷ്ട്ര പിതാവിനെ  അപമാനിച്ചു ..ആശയം  കൊണ്ട്  വന്ന  പരസ്യം  അങ്ങനെ നിരോധിക്കപ്പെട്ടു .

മേൽ പറഞ്ഞ  കേസുകൾ  എല്ലാം  വലിയ  തെറ്റുകൾ  തന്നെയാണെന്നാണ്  ലേഖികയും  കരുതുന്നത് .പതാകയെ  കേക്കിൽ  പകർത്തി  മുറിക്കാനൊരുങ്ങിയതും  ,സാരിയായുടുത്തതും ,ഗാന്ധിയും  അദ്ദേഹം  മുന്നോട്ട്  വച്ച  ആശയങ്ങളെ  തിരസ്കരിച്ചതും ,നെഞ്ചു യർത്തി  പാടേണ്ട  ദേശീയ ഗാനത്തിന്  പകരം  മറ്റൊരു  രാജ്യത്തിൻറെ  രീതികളെ  അനുകരിക്കനാവശ്യപ്പെട്ട്   നമ്മുടെ  സംസ്കൃതിയേയും ,അതു  പകർന്നു  നല്കുന്ന  ചരിത്ര പ്രധാനമായ  ഊർജത്തേയും  അപമാനിച്ചത്  ലേഖികയുടെ  കണ്ണിൽ  തെറ്റുതന്നെയാണ് {കോടതി  ഈ  കേസിൽ  അദ്ധേഹത്തെ  വെറുതേ  വിട്ടതാണ് എങ്കിലും ...}പക്ഷേ  ഇതിനേക്കാൾ  രൂക്ഷമായ  അവഹേളനം  ആരും  കണ്ടില്ലെന്നു  നടിക്കുന്നതെന്താണെന്നാണ് അവശേഷിക്കുന്ന  ചോദ്യം .

ഇന്നു  വരെ  അർത്ഥം  നിർവചിക്കാത്ത "യോ  യോ " ദേശീയ ഗാനത്തോടൊപ്പം  എന്നു  പറയുമ്പോഴേക്ക്  ലേഖികക്കെതിരേ  രാജ്യദ്രോഹമുന്നയിക്കപ്പെടുമോ  എന്നു  സംശയമുണ്ട് .പക്ഷേ   ഇപ്പോൾ  പറയേണ്ടി വന്ന ' യോ  യോ ' ഗാനം  നീല പല്ലുകളിലൂടെ  സഞ്ചാരം  തുടങ്ങിയിട്ട്  കാലമേറെയായിരിക്കുന്നു .ഒരു  കാലത്ത്  സ്വാതന്ത്ര്യത്തിൻറെ  ഗീതമായി നമ്മൾ  കരുതിയ ,ഇന്നും  അഭിമാനത്തിൻറെ  ഐക്യത്തിൻറെ ,അഖണ്ഡതയു ടെ  ഭാഗമായി  നമ്മൾ  കരുതുന്ന  രവീന്ദ്ര നാഥ  ടാഗോറിന്റെ  ഗാനത്തേയും'  യോ  യോ 'യും  ബഹളം  വയ്ക്കുന്ന  സംഗീത  ഉപകരണങ്ങളും  വിഴുങ്ങുന്നതും  ആരും  കാണാത്തതെന്തുകൊണ്ടാണ് ?

ജനഗണ  മനഗണ
ജനഗണ മനഗണ  യോ യോ
ജന  ഗണ  മന  ഗണ
                    ജന -ഗണ -മന -ഗണ ..ഇങ്ങനെയാണ് ഈ  അവഹേളനത്തിന്റെ  ആരംഭം .വികല താളത്തിൽ  ഭാരത  ഭാഗ്യ വിദാത  പോലുള്ള  വരികൾ  തുടർന്നുളള  വരികളിൽ  കാണാം. ശേഷം  ഇന്നേ  വരേ  നിഘണ്ടുവിൽ  കണ്ടിട്ടില്ലാത്ത  വാക്കുകളുടെ  സമ്മേളനവും .പാരടിയെന്നോമന  പേരിലാണ് ഗാനം  പ്രചരിച്ചത് .സംഗീതം  കടം  കൊണ്ട്   കൊണ്ടുളള തമാശ  രൂപേണേ .അവതരിപ്പിക്കുന്ന ക്രിയാത്മകതയുള്ള   ചില  വരികൾ {ഇവ  ആശയ  സംപുഷ്ടവും  ചിരി  ഉണർത്തുന്നതുമാണ് }ആണ്  ലേഖികയെ  സംബദ്ധിച്ചിടത്തോളം  പാരഡികൾ {ലേഖികയുടെ  അറിവ്  പരിമിതമാണ്  ,തെറ്റെങ്കിൽ  തിരുത്തുക }അതുകൊണ്ട്  തന്നെ  ദേശീയഗാനത്തിലെ  ചില  വരികൾ  താളം മാറ്റി  അവതരിപ്പിക്കുന്നത്  ഏത്  അർത്ഥത്തിലാണ്  പാരഡി  യാകുന്നതെന്നും  മനസിലാക്കുക  പ്രയാസകരം .

കുറച്ച്  ദിവസങ്ങൾക്ക്  മുൻപ്  മൂന്നോ  നാലോ  വയസ്സ്  പ്രായം വരുന്ന  എന്റെ  സുഹൃത്ത്  മേൽ  പറഞ്ഞ  വികലഗാനത്തിനൊപ്പം വരുന്ന ഉപകരണങ്ങളുടെ  മേളനത്തിനൊപ്പം  മൂന്ന്  വിരലുയർത്തി  യോ  യോ  കാണിക്കുന്നത്  കണ്ടു .ഇത്  തെറ്റാണെന്നു  ചൂണ്ടികാണിച്ച  എന്നോടവൾ  പറഞ്ഞത്  നേഴ്സറിയിൽ / സ്കൂളിൽ  പാടുന്ന  ജന  ഗണ  മനയേക്കാൾ  രസം  ഈ  ജനഗണ  മനയ്ക്കുണ്ടെന്നാണ് .നേഴ്സറിയിലെ  ജനഗണ  മനയ്ക്കൊപ്പം  എങ്ങനെയാണു  ഡാൻസ്  ചെയ്യുക  എന്ന  ചോദ്യവും  അവളെൻറെ  മുന്നിൽ  ഉന്നയിച്ചു ..എങ്ങനെയാണ് ആ  കുഞ്ഞുമനസ്സിനെ  തിരുത്തേ ണ്ടതെന്നറിയാതെ  പകച്ചു പോയി  എന്നതാണ്  വാസ്തവം .ഒരു  മൂന്ന്  വയസ്സുകാരി   എന്തോ  പറഞ്ഞതിനെ  വലിയ  വിഷയമാക്കേണ്ട എന്നാണ്  നിങ്ങളുടെ  പക്ഷമെങ്കിൽ ...പത്താം  തരം  വരെ സാമൂഹ്യ പാഠ ത്തിൽ സ്വാതന്ത്ര്യ ചരിത്ര്യം  വിഴുങ്ങിയ  ബി- ടെക് കാരൻറെ  മൊബൈൽ  ചിലച്ചതും  പറയാൻ  ഞാൻ  ആഗ്രഹിക്കുന്നു .കുട്ടിതെട്ടിന്റെ  പരിധി വിട്ട്  വലിയവരിലേക്കും  ഇത്തരത്തിൽ  വ്യാപിക്കുന്നതോടെ മേൽ  പറഞ്ഞ നിസ്സാരവത്കരണത്തിന്റെ  പ്രസക്തി കുറയുന്നു .എന്നാൽ  പിന്നെ ഈ  ഗാനത്തിനു  പിന്നിൽ  പ്രവർത്തിച്ചവരെ  അങ്ങു  ശിക്ഷിച്ചേക്കാം എന്നു  കരുതിയാലാകട്ടെ ...പ്രശ്നം  സങ്കീർണമാകും .ഗാനമാലപിക്കുന്നത്  ടിൻറു മോനാണ് .ടിൻറുമോൻ ഒരു അജ്ഞാത  കർത്തുകതിന്റെ  സൃഷ്ടിയാണെന്നാണല്ലോ  വെപ്പ് . പിന്നെ  ആരെയാണ്  ശിക്ഷിക്കുക .?

ഓ ! ടിൻറു മോൻ  തമാശയാണോ  ഇത്ര വലിയ  പ്രശ്നമായി  കൊട്ടിഘോഷിക്കുന്നത്  എന്നാവാം നിങ്ങളുടെ  അടുത്ത ചോദ്യം .ആധുനിക  കുഞ്ചൻനമ്പ്യാരായി  സ്വയം  പുകഴ്ത്തുന്ന ടിൻറുമോന് എന്തും  പറയാം  എന്തുമാവാം  എന്നാണ് വാദം .ന്യൂ  ജനറേഷൻ  സിനിമകളെ അശ്ലീലമെന്നു  പറയുന്നവരും  ടിൻറു മോൻറെ ഇത്തിരി  വായിലെ  വലിയ  അശ്ലീലത്തെ  ചിരിച്ചു തള്ളും .അവനു  ഇല്ലാത്ത  നിഷ്കളങ്കത  ഉപയോഗിച്ച്  ഗാന്ധിയേയടക്കം  ആരെ കുറിച്ചും  അശ്ലീലം  പറയാം .ദേശീയഗാനം  വികലമാക്കാം .ആരും  ചോദിക്കാനില്ല , കാരണം അവൻ  കുഞ്ഞല്ലേ ?ഈ  ടിൻറു  മോനെക്കൊണ്ട്  തോറ്റു  എന്ന  കമൻറിൽ  ഒതുങ്ങുന്നു അവൻറെ  ഏതു  വികൃതിയും .എന്നാൽ  ദേശീയ ഗാനവും  മറ്റും  വിഷയമാകുമ്പോൾ ,ടിൻറു മോന്  ഒരു  കുഞ്ഞു  സമൂഹത്തെ  ആഴത്തിൽ  സ്പർശിക്കാൻ  കഴിയും  എന്നറിയുമ്പോഴും  കണ്ണിറുക്കി  അടച്ചു കൊണ്ടിരിക്കുന്നത്  വിരൽചൂണ്ടുന്നത്  ഒരു വലിയ  അപകടത്തിലേക്കാണ് .ആ  അപകടത്തിൻറെ  തോത്  നിർണ്ണയിക്കാൻ  കഴിയുന്നതിനും  അപ്പുറമാകാനും  മതി ...


 

2013, ജൂലൈ 29, തിങ്കളാഴ്‌ച

സമർപ്പണം:എൻറെ നാടിനെ വിഷലിപ്തമാക്കാൻ ഫണമുയർത്താൻ ശ്രമിച്ച ശബ്ദതരംഗളുടെ ആധുനിക കാളിയനെതിരെ ശബ്ദമുയർത്തിയ എൻറെ നാട്ടുക്കാർക്ക്‌.......

                                          ഇലകൾ 

                        കൊഴിഞ്ഞ് കൊണ്ടേയിരിക്കാം....

                                                             - ഷഹല വെളിയംകോട്-

                              

                                            ഹൃദയം തുരന്നിറ്റും,ചോര-ത്തി
                                           കറയുമായ്‌ ഇലകൾ കൊഴിയാം.
                                          പാമ്പുറയെന്ന പോൽ, തൊലി
                                           വികൃതമായുറയ്ക്കാം ഫലങ്ങൾ.
                                              ഒടുവിൽ, വന്മരങ്ങൾക്ക്-
                                                 തലക്കുത്തി വീഴാം.....
                                              ഇവിടം മരുവാക്കി മാറ്റാം


                                         
                              മഴപെയ്യാൻ മറക്കുന്നൊരു - 
                               രാത്രിക്കുള്ളിലിവിടം  
                               വൃക്ഷം കണക്കെന്തു ഗോപുരമുയരം ! 
                                അതിൻ കർണ്ണ ഞരമ്പു- 
                                പൊട്ടിയതിൽ , ശബ്ദ തരംഗങ്ങളോടിക്കളിക്കാം


               
                                                             ഇലപൊഴിയും  പോൽ  
                                                             വേഗം , നിൻ ഹൃദയം  നിലച്ചിടാം.
                                                              ഫലങ്ങളേപോൽ നിൻ കുു -  
                                                             ഞ്ഞിൻ  തനു വിണ്ടുറഞ്ഞിരിക്കാം    
                                                                നിൻ, ആന്തരാവയവങ്ങൾ 
                                                                 വ്രണപ്പെട്ടുപോകാം . 


                          ഒടുവിൽ, 
                         നിന്നമ്മയ്ക്ക് , 
                       നിൻ ഭാര്യയ്ക്ക് 
                        കുഞ്ഞിന്........ 
                        നിൻ നാടിൻ ശാപമോർത്ത്  വിലപിക്കാം !! 
                        ക്യാമറക്കണ്ണിൻ പ്ര്ദർശന വസ്തുവാകാം ! 
                        സമരപ്പന്തലിൽ മുദ്രവക്യങ്ങളുയരാം ...


                                                                                            അന്നും, 
                                                                                    നിനക്ക് ചങ്കിൽ കയർ മുറുക്കാം. 
                                                                                  കറുത്ത നിറമുള്ള വസ്ത്രം ധരിക്കാം . 
                                                                                ഗോപുരം കെട്ടിപ്പടുക്കാനിറങ്ങാം. 


                   നീ ..... ഞങ്ങളോട് പറഞ്ഞ - 
                    വ,യവരോടും പറയുക . 
                   നിങ്ങൽക്കൊന്ന് ചത്തുകൂടെ? 
                   'സിംകാർഡ്' വെറുതെ തരാം !! 
                   'റെയിന്ജി'നൊപ്പം മൊബൈലും തരാം ! 
                     ഈ ഗോപുരമൊന്ന് പണിഞ്ഞോട്ടെ!! 
                    ഇനിയും ഇലകൾ കൊഴിയാം . 
                  കൊഴിഞ്ഞുകൊണ്ടേയിരിക്കാം....

                       

                                            -30-
                                                                                               (2010)
                                    

                                       

2013, ജൂലൈ 19, വെള്ളിയാഴ്‌ച

pakshe: ഒരു മലയാളി സ്ത്രീയുടെ   പ്രതികരണം                 ...


ഒരു മലയാളി സ്ത്രീയുടെ   പ്രതികരണം

                                                                           -ഷഹല  വെളിയംകോട്-

കുഞ്ഞുനാളിൽ  എനിക്ക് മുത്തശ്ശി പറഞ്ഞു  തന്ന   കഥകളെല്ലാം രണ്ടാനമ്മയുടെ .തല്ലുകൊള്ളുന്ന ,വീട്ടിലെ ജോലിയെല്ലാം  വൃത്തിയിൽ  ചെയ്യുന്ന  രണ്ടംക്ലാസുകാരിയുടെതായിരുന്നു .വളർന്നപ്പോൾ ..അക്ഷരങ്ങൾ
കഥകളായി  രൂപം പ്രാപിക്കാൻ തയ്യാറായപ്പോൾ  ആദ്യമായി ഞാനെഴുതിയതും അച്ച്ഛന്റെ  ക്രൂരതയ്ക്കിരയാകുന്ന  പിഞ്ചു ബാലന്റെ  കഥയായിരുന്നു ..അച്ച്ഛന്റെ  കയ്യിലെ  ചൂരലിന്റെ  ചുംബനമാണ്  അവനെ വിലിച്ചുണർത്താറ്  എന്നു തുടങ്ങുന്ന  ആ  കഥ ആദ്യം  വായിച്ച  ബിന്ദു ട്ടീച്ചർ  അന്നു  ചിരിച്ചു .ഇന്നത്തെക്കാലത്ത് ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നും  ഇത്തരം കഥകൾക്ക്  വിശ്വാസ്യത ഉണ്ടാവില്ലെന്നുമായിരുന്നു ട്ടീച്ചറുടെ  മറുപടി.ഇങ്ങനെയുള്ള  ഏതെങ്കിലും  കുട്ടിയെ താനറിയോ  എന്നൊരു  ചോദ്യം കൂടി  ട്ടീച്ചർ  ഉന്നയിച്ചു  .(എൻറെ  കഥാരചനയെ  വഴിത്തിരിച്ചു വിട്ട  വാക്കുകളായിരുന്നു അത് .ബിന്ദു ട്ടീച്ച ർക്ക്  നന്ദി .ട്ടീച്ചർ  നിങ്ങൾ ഇപ്പോൾ  എവിടെയാണെന്നെനിക്കറിയില്ല ...നിങ്ങളുടെ  ഓർമയിൽ  ആ  പഴയ എട്ടാം  ക്ലാസുകാരി  ഉണ്ടാവാനും  സാധ്യത ഇല്ല .എങ്കിലും ക്രൂരമായ വർത്തമാന കാല  സംഭവങ്ങൾ  പത്രമാധ്യമങ്ങൾ  നിരത്തി  വയ്ക്കുമ്പോൾ നിങ്ങളുടെ  ആ  ചിരി  ഞാൻ  തെല്ലു നീരസത്തോടെ  ഓർത്തുപോകുന്നു .)
                      
               എൻറെ ചുറ്റുവട്ടത്ത് അത്തരത്തിൽ  പീഡിപ്പിക്കപ്പെടുന്ന ഒരു  കുട്ടിയേയും ഞാൻ കണ്ടിട്ടില്ലായിരുന്നു .അതുകൊണ്ട് തന്നെ അത്തരം  വിഷയങ്ങൾ  പ്രതിപാദിക്കുന്ന കഥയും സിനിമയുമെല്ലാം എന്നിൽ അന്ന് ക്ലാസ്മുറിയിൽ  ഉയർന്ന  ചെറുചിരിയുടെ  ഓർമയുള്ള  മറ്റൊരു ചിരിയാണ്  ഉയർത്തിയിരുന്നത് .എന്നാൽ ഇപ്പോൾ എൻറെ ചുണ്ടിൽ ആ  ചിരി  അവശേഷിക്കുന്നില്ല .കുറച്ച്  വർഷങ്ങൾക്ക് മുൻപാണ്‌ ആ  ചിരി എനിക്ക് നഷ്ടമായത്‌ 
.
                  ഒന്നു രണ്ടു  വർഷങ്ങൾക് മുൻപ് പത്രമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട  നായയോടൊപ്പം  കൂട്ടിലടക്കപ്പെട്ട ആരോമൽ എന്ന ബാലൻറെ ചിത്രം  നമ്മെ അത്ഭുതപ്പെടുത്തി .അന്ന്  ആ മാതപിതാകൾക്കെതിരെ  നമ്മുടെ ധാർമിക രോഷം  തിളച്ചു .പക്ഷെ അത്തരം നടപടികൾ  ആവർത്തിക്കാതിരിക്കാൻ  നമുക്കെന്തു ചെയ്യാൻ കഴിഞ്ഞു .?എന്തുകൊണ്ടാണ് കുട്ടികൾക്കെതിരെയുള്ള  ഇത്തരം ആക്രമണങ്ങൾ  തുടർന്നു കൊണ്ടേയിരിക്കുന്നത് ?ശിശുസംരക്ഷണം എന്ന  വാക്ക് ,അതിനു  വേണ്ടി  നിയോഗിക്കപ്പെട്ട സംഘടനകൾ തുടങ്ങിയവയുടെ പ്രസക്തി ചോദ്യം  ചെയ്യപ്പെട്ടു പോകുന്നതും  ഇത്തരം  സാഹചര്യത്തിലാണ് .

         മുത്തശ്ശി കഥയിലെ രണ്ടാനമ്മയുടെ  പീഡന മേൽക്കുന്ന അതേ കുട്ടിയുടെ  മുഖവുമായി പിന്നെടെത്തിയത്  അഥിതി  എന്ന പെണ്‍കുട്ടിയായിരുന്നു .നിരന്തരമായി  പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ആ  കുട്ടിയേ  രക്ഷിക്കാൻ  കഴിയാതിരുന്ന  സമൂഹം അന്നും തലതാഴ്ത്തി നിന്നു .പത്രങ്ങളിൽ  മാപ്പ്  ചോദിച്ചുകൊണ്ട് വന്ന ലേഖനങ്ങൾ വായിച്ചു കണ്ണു  നിറച്ചു .രണ്ടാനമ്മ  എന്ന  കേട്ടുമറന്ന  ദുഷ്ട കഥാപാത്രം പുനർജനിച്ചു .(സ്നേഹിക്കാൻ  മാത്രമറിയാവുന്ന  ചില  രണ്ടാനമ്മമാരെ  എനിക്കും  പരിചയമുണ്ട് .മേൽപറഞ്ഞ  സത്യം  പറയേണ്ടി വന്നതിനു  അവർ  എന്നോട്  ക്ഷമിക്കട്ടെ )കുട്ടികൾ  പീഡിപ്പിക്കപ്പെടുന്ന്തിനു  അതോടെ  രണ്ടാനമ്മ  എന്ന ഉത്തരം  ലഭിക്കുകയായിരുന്നു .അതിനു ശേഷം  ശ്രദ്ധയിൽപ്പെട്ട  ഇ ത്തരം  കേസുകളെല്ലാം ആ ഉത്തരത്തിനു  ശക്തി  പകരുകയും ചെയ്തു .

 എന്നാൽ  ആ  ഉത്തരത്തിനും  ശക്തി  കുറഞ്ഞത്  ദേവിയുടെ  കഥ  അറിഞ്ഞതോടെയാണ് .വളർത്തിയ  മുത്തശ്ശി  തന്നെയാണ്  അവളെ  തീ  കൊളുത്തി  കൊന്നത് .ദിവസങ്ങളോളം  വേദന തിന്നാണ്  അവൾ മരണത്തിനു  കീഴടങ്ങിയത് .അന്നും  നമ്മുടെ  കണ്ണുകൾ  നിറഞ്ഞൊഴുകി ..മുത്തശ്ശിയെ പോലീസ്  പിടിക്കരുതെന്നാഗ്രഹിച്ച  അവളുടെ വാക്കുകളോർത്  നാം വിലപിച്ചു 
.
      അധികനാൾ  കഴിയും മുൻപേ  കട്ടപ്പനയിലെ  സംഭവം .ക്രൂരമായ  പീഡന ങ്ങൾക്കാണ്  ഈ  കുഞ്ഞിനു  വിധേയമാകേണ്ടി  വന്നത് .ഒരു പക്ഷെ  കാടത്തം എന്നു  വിളിക്കാവുന്ന ശിക്ഷാരീതികൾ .കുഞ്ഞിനെ ആര്  നോക്കണം  എന്ന  അച്ച്ഛന്റെയും രണ്ടാനമ്മയുടെയും മത്സരമാണത്രേ പീഡനങ്ങൾക്ക്  കാരണം .അമ്മ  മറ്റൊരാളോടൊപ്പം  ഇറങ്ങി  പോയതിൻറെ  പക  അഛൻ  മകനോട്  തീർത്തതാണെന്നും  പറയുന്നു.അതെന്തുതന്നെയായാലും കേരള സമൂഹത്തിൻറെ  മനസ്സിൽ ഇത്  മറ്റൊരു  വിങ്ങൽ .ഇത്തരത്തിൽ  വർഷം  കഴിയും  തോറും  കുട്ടികൾക്കെതിരെയ്യുള്ള  പീഡനങ്ങൾ  വർധിച്ചു  വരുന്നതായി കണക്കുകൾ  സൂചിപ്പിക്കുന്നു .

                                 എന്താണ്  നമ്മുടെ  മനസാക്ഷിയ്ക്ക്  സംഭവിക്കുന്നത് ?കാലു  തല്ലിയൊടിച്ചു   പോലീസ് കാരുടെ  മൂന്നാം  മുറയേക്കാൾ ക്രൂരമായി  പെരുമാറാൻ  നമുക്കെങ്ങനെയാണ്  സാധിക്കുന്നത് ?ജനിക്കുമ്പോഴേ  സ്ത്രീയുടെ  ഉള്ളിൽ  ഒരമ്മയുണ്ടെന്നാണ്  പറയുന്നത് .ആണ്‍കുട്ടികൾ തോക്കെടുത്ത്  കളിക്കുന്ന  പ്രായത്തിൽ  അവൾ അമ്മയായി  കളിക്കുന്നതിനും  കാരണമിതാണെന്നും പറയുന്നു .പിന്നെങ്ങനെയാണ്  ഒരമ്മയ്ക്ക് ,സ്ത്രീയ്ക്ക്  ഇത്രയും  ക്രൂരമായി  പെരുമാറാൻ  ,ഇത്തരം  ക്രൂരതയ്ക്ക്  കൂട്ട്  നിൽക്കാൻ  കഴിയുന്നതെന്ന്  എന്നിലെ  സ്ത്രീയ്ക്ക്  മനസ്സിലാവുന്നതേയില്ല .പണ്ടു  കേട്ടുമറന്ന  കഥകളിലേക്കുള്ള  മനുഷ്യൻറെ  ഈ  യാത്ര  പ്രാകൃത അവസ്ഥയിലേക്കുള്ള അവൻറെ  യാത്ര  വിദൂരത്തല്ല  എന്നൊർമിപ്പിക്കുന്നു .

        പ്രിയപ്പെട്ട  കുട്ടീ ...നീ  എത്രയും  വേഗം സുഖം  പ്രാപിച്ച്  മടങ്ങി വരാനും  ,തുടർന്ന്  നിന്റെ ജീവിതം  സുരക്ഷിതമാകാനും  ഈ  സഹോദരി  ആത്മാർഥമായി  പ്രാർത്ഥിക്കുന്നു .ദേവിയേ പോലെ  എന്റെ  അച്ച്ചൻ  ശിക്ഷിക്കപ്പെടെരുതെന്നു  നീ  പറയരുതെന്നും  നിന്നെ  ഈ  വിധമാക്കിയ  രക്ഷിതാക്കൾക് (ആ  വാക്കിന്  അർഹരല്ലാത്ത ) നിയമമനുശാസിക്കുന്ന  വലിയ  ശിക്ഷ തന്നെ  ലഭിക്കണമെന്നും  ഏതൊരു  മലയാളി  സ്ത്രീയെയും  പോലെ  ഞാനും  ആഗ്രഹിക്കുന്നു .....

                                                                        പ്രാർത്ഥനാപൂർവ്വം
                                                                                              ഷഹല  വെളിയംകോട്